Sunday 12 July 2015

മലരിനും മുൻപ് ക്ളാര

"കുട്ടിക്കെന്താ കുടിക്കാൻ വേണ്ടത്? നാരങ്ങ വെള്ളമോ, സംഭാരമോ അതോ...  "

ഓർമ്മകൾ തിരമാലകളെ പോലെ...

ഇന്ന് രാവിലെ എനിക്കവളുടെ വിവാഹമോചന നോട്ടീസ് വന്നു. എന്റെ പഴയ കാമുകി ക്ളാരയുടെ. പക്ഷെ ക്ളാരയെ വിവാഹം കഴിച്ചതായി എനിക്കോർമയില്ല.

ഉവ്വ്. ഞാനും, ക്ളാരയും പല തവണ കിടക്ക പങ്കിട്ടിട്ടുണ്ട്. ഒന്നല്ല, പല തവണ. പക്ഷെ കല്യാണം കഴിച്ചതായി ഞാനോർക്കുന്നില്ല.

Jasoos Kutty's first love: Clara not Malar
(Listen to Podcast by Kutty and Sara)
Also on Kutty Radio
Jasoos Kutty reads love letter to Malar
അതെ. ഞാൻ ഒരു മുഴുകുടിയനാണ്. കുടിച്ചു പൂസായി പല വേലത്തരങ്ങളും കാണിച്ചിട്ടുണ്ട്, പക്ഷെ കല്യാണം, അങ്ങനെ ഒരു കടും കൈ? ഒരിക്കലുമില്ല! ആകെ കഴിച്ചത് അല്പം മദ്യം മാത്രം.

ഞാൻ ക്ളാരയുടെ വക്കീലിനെ ഫോണിൽ വിളിച്ചു. അയാള് എന്റെ ശ്രദ്ധ ഒരു മദ്രാസ്‌ ഹൈ കോടതി വിധിയിലേക്ക് തിരിച്ചു. ഒരു ആണും, പെണ്ണും ഒരുമിച്ചു താമസിച്ചാൽ അവരെ വിവാഹിതരായി കണക്കാക്കും. അപ്പോൾ അതാണ്‌ കാര്യം. ചിലപ്പോള എനിക്ക് തോന്നാറുണ്ട് ഈ മദിരാശി ജഡ്ജിമാർ വിവാഹ ബ്റോക്കർമാരാണെന്നു. ദേ ഇന്നാളു ഒരു മഹാൻ ഒരു rapist-നു ജാമ്യം കൊടുത്തു, അയാളുടെ ഇരയെ ഇണയാക്കാൻ.   

ഞാൻ എന്നാണ് ആദ്യമായി ക്ളാരയെ കാണുന്നത്?

ഒരു പത്തു വര്ഷം മുന്പാണെന്നു തോന്നുന്നു. ഒരു കൊലക്കേസുമായി ബന്ധപ്പെട്ടു അവളുടെ വീട്ടിനടുത്ത് പോകേണ്ടി വന്നു. അവളുടെ ഒരു അയല്ക്കാരനെ ആരോ ഒന്ന് കൊന്നു. എല്ലാം ഒരു നിമിത്തം. ഞാൻ അവളുടെ വീട്ടിലെ കാളിന്ഗ് ബെല്ലടിച്ചു. വാതിൽ തുറന്നു എന്റെ മുന്നിൽ വന്നത് ക്ളാര. അതും ഒരു നൈറ്റിയിൽ. സുസ്മേര വദനയായി. എന്തിനേറെ പറയണം. ഇല വന്നു മുള്ളിൽ വീണാലും, മുള്ള് വന്നു ഇലയിൽ വീണാലും കേടു കുട്ടിക്ക് തന്നെ. എന്റെ ഒരു അനുഭവം അതാണ്‌.

"എന്റെ പേര് നാരായണൻ കുട്ടി. ആ കൊലപാതകവുമായി ബന്ധപെട്ടു വന്നതാണ്, ഞാനാണ് അതന്വേഷിക്കുന്നത്. എനിക്കൊന്നു നിങ്ങളുടെ ബാല്കണി കാണണം."

"പിന്നെന്താ കുട്ടി. കുട്ടിക്ക് ഈ വീട്ടില് എപ്പോൾ വേണമെങ്കിലും വരാമല്ലോ. സ്വന്തം വീട് പോലെ കാണാം." ഇത്രയും പറഞ്ഞു അവൾ കുലുങ്ങി, കുലുങ്ങി ചിരിച്ചു. ഞാൻ ആകെ കോരിത്തരിച്ചു പോയി എന്ന് പറഞ്ഞാൽ തെറ്റില്ല.

അടുത്ത ദിവസം ഞാൻ വീണ്ടും അവളുടെ വാതില്കലെത്തി കോളിങ്ങ്  ബെല്ലടിച്ചു.

"സ്വല്പം സോടാ പൊടി തരാമോ? എനിക്ക് കുറച്ചു പരീക്ഷണങ്ങൾ ചെയ്യാനാ."

"മനസ്സിലായി. കുട്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ. ഒരു പാട് കേട്ടിട്ടുണ്ട്."

"അത് മഹാത്മാ ഗന്ധിയല്ലേ എഴുതിയത്?"

"ഞാൻ കരുതി കുട്ടിയായിരിക്കുമെന്നു." ഇത്രയും പറഞ്ഞു അവൾ ചിരിച്ചു. കുലുങ്ങി, കുലുങ്ങി.

എന്റെ എക്സ്പെരിമെന്റ് കഴിഞ്ഞു, ക്ഷീണിച്ചു, അവശനായി തിരിച്ചു വന്നപ്പോൾ, അവൾ സ്നേഹപൂർവ്വം ചോദിച്ചു, "വെള്ളം എടുക്കട്ടെ?"

എന്റെ മറുപടിക്ക് കാക്കാതെ അവൾ ഒരു ഗ്ലാസ്‌ വെള്ളം എന്റെ മുന്നിൽ വച്ചു.

"വെള്ളം മാത്രമെയുള്ളോ?" ഞാൻ ഒരു കുസൃതി ചോദ്യം അങ്ങോട്ട്‌ തൊടുത്തു.

മന്ത്രമോ, മായയോ, അവൾ ഒരു കുപ്പി റം എന്റെ മുന്നിലേക്ക്‌ വെച്ചു. ഒരു ദിവ്യൻ അന്തരീക്ഷത്തിൽ നിന്നും ഭസ്മം ഉണ്ടാക്കുന്ന പോലെ.


അവൾ എങ്ങനെ എന്റെ മനസ്സറിഞ്ഞു എന്നെനിക്കറിയില്ല. പക്ഷെ അവൾ അങ്ങനെയായിരുന്നു. ഞാൻ മരത്തിൽ കാണുന്നത് അവൾ മാനത്തു കാണും. അവൾ തിരക്കഥ എഴുത്ന്നു, ഞാൻ വെറും നടൻ. അന്ന് രാത്രി ഞങ്ങൾ കുടിച്ചു, മതിയാവോളം. അടുത്ത ദിവസം രാവിലെ ഞാൻ എഴുന്നേറ്റത് ഒരു തലവെദനയുമായാണ്. ഒരു മധുര തലവേദന. പിന്നീടൊരിക്കലും അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായ്യിട്ടില്ല. 

എന്തായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം? തിരിഞ്ഞു നോക്കുമ്പോൾ എനിക്കൊരു കാര്യം തോന്നുന്നു. ഞങ്ങൾ പ്രേമിച്ചത് മദ്യത്തെ ആയിരുന്നു. രതി വിഭവസമൃദ്ധമായ സദ്യക്ക് ശേഷം കുടിക്കുന്ന ഒരു ഗ്ലാസ്‌ പായസം മാത്രമായിരുന്നു. പല രാത്രികളിലും ഞങ്ങൾ പായസം വേണ്ടെന്നു വച്ചു.


ഞാൻ പറയും ക്ളാരയ്ക്ക് രതിയിലേറെ നൈപുണ്യം പാചകത്തിൽ ആയിരുന്നു. ഞാൻ അവളെ കുറച്ചു കാണുകയല്ല. അവൾ പല വിദ്യകളും കാണിച്ചു. അവളുടെ അഭ്യാസങ്ങളിൽ ഞാൻ സ്വര്ഗം പൂകി. പക്ഷെ ഒന്നുണ്ട്. പണ്ടു, പണ്ടു, വളരെ പണ്ട്, വാത്സ്യായനൻ എന്നൊരു മഹാൻ. അതും, അതിലും വലിയ ചിലതും, അനുഭവിച്ചറിഞ്ഞതോ കണ്ടറിഞ്ഞതോ എന്നറിയില്ല, ഒരു പുസ്തകം തന്നെ എഴുതിയില്ലേ ആ കേമൻ. കാമസൂത്രം. എത്ര വിദുഷിയായാലും ക്ലാര വാത്സ്യയനോളം വരുമോ? കാമസൂത്രത്തോളം വരുമോ ക്ളാരസൂത്രം! സത്യം പറയട്ടെ ക്ളാരയുടെ പല ആസനങ്ങളും കാമസൂത്രത്തിൽ നിന്നും മോഷ്ടിച്ചവയായിരുന്നു.

പാചകത്തിന്റെ കാര്യത്തിൽ ക്ളാര ഒരു നളനായിരുന്നു. പാചക കല എന്നൊക്കെ പറയില്ലേ? അവൾ ആ നൈപുണ്യം മദ്യത്തിന്റെ കാര്യത്തിലും പ്രദർശിപ്പിച്ചു. പുതിയ തരം cocktail-കൽ അവൾ ഒന്നൊന്നായി എന്റെ ആമാശയത്തിൽ പരീക്ഷിച്ചു.

ക്ളാര ഒരു ബാർഗേൾ ആയിരുന്നെങ്ങിൽ  അവൾ അതിൽ ശോഭിചേനെ. ആ ദിവസങ്ങളിൽ എല്ലാ രാത്രിയും അവൾ പുതിയ പുതിയ പാനീയങ്ങൾ എനിക്ക് തരുമായിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. അവയ്ക്ക് മുന്നിൽ ടാജിലെയും, ഹില്ടനിലെയും കോക്റെയിൽ തോൽകും. ജിൻ-സംഭാരം, വോഡ്ക-ഗോൾ ഗപ്പ, റം-രൂഹഫ്സ, വോഡ്ക-ഇളനീർ, വിസ്കി-രസം.... എന്നിങ്ങനെ പല അടവുകളും അവൾ പുറത്തെടുത്ത് എന്നെ തറപറ്റിച്ചു. അവൾ ഉണ്ണിയാർച്ചയെങ്കിൽ, ഞാൻ വെറും കുട്ടിരാമൻ.

ഒരിക്കൽ എന്റെ ഒരു ഫ്രഞ്ച് സുഹൃത്ത്‌ വീട്ടില് വന്നപ്പോൾ ഒരു പുതിയ വിഭവം ഒരുക്കി. അയാൾ ചിക്കൻ വൈനിൽ പാചകം ചെയ്തു. ഉപ്പും, എരിവും ഇല്ലാത്ത ഒരു വക നപുംസകം. ഞങ്ങൾ തോറ്റു പിന്മാറി. പക്ഷെ ആ ചിക്കൻ ക്ളാരക്ക് പ്രചോദനമായി. അടുത്ത കുറെ ആഴ്ചകൽ അവൾ exotic ഫൂഡ് വാരങ്ങളായി കൊണ്ടാടി. ഒരു പുതിയ ക്ളാര ബ്രാൻഡ് ഓഫ് കുക്കിംഗ്‌ തന്നെ പിറവിയെടുത്തു. പഞ്ചാബികളും, ദില്ലിയിലെ മലയാളികളും, ഒടിസക്കാരും ഒരേ സ്വരത്തിൽ പറഞ്ഞു: അടുക്കള തലൈവി നീണാൾ വാഴ്ക. കോഗ്നക് കടായി ചിക്കൻ, റം രോഗങ് ജോഷ്, വോഡ്ക ലാംബ് വിണ്ടാളൂ, റ്റെകില ടാങ്ങ്ടി, മാലിബു മട്ടണ്‍ സ്റ്റു, മാർറ്റിനി ഓലത്തിയത്, ജിൻ പൊള്ളിച്ചത്, ബിയർ ബിരിയാണി... ഹൊ, ഓർക്കുമ്പോൾ, വായിൽ ഇപ്പോളും ചാരായം ഊറുന്നു!

പിന്നീട് അറിഞ്ഞു ഞാൻ മാത്രമല്ല ക്ളാരയുടെ ആരാധകൻ. പാൽകാരൻ ശര്മയ്ക്ക് അവളുടെ പകോടകൾ വേണം, എന്ചിനീർക്കു സമോസ, പൂന്തോട്ടക്കാരന് ബീഫ് വറുത്തത്, കോടീശ്വരനായ പ്രവാസിക്ക് തണ്ടൂരി ചിക്കൻ.

അവളുടെ ആരാധകരുടെ നീണ്ട നിര കണ്ടപ്പോൾ, ഒരു രാത്രി, അവളുടെ കണ്ണുകളുടെ ആഴം ആളന്നുകൊണ്ടിരിക്കെ, ഞാൻ പറഞ്ഞു, "നിനക്കറിയാമോ എനിക്കുമുണ്ട് ആരാധകർ. പത്മിനി, കാമാക്ഷി, അംബുജം, നബീസു, തെരേസ... അങ്ങനെ പോകും."

"അവർ കാമദേവനെ അന്വേഷിച്ചു ഇങ്ങോട്ട് വന്നോ, അതോ കാമദേവൻ അങ്ങോട്ട്‌ പോയോ. അവര്ക്കൊക്കെ എത്ര കാശ് കൊടുക്കുമായിരുന്നു?" ക്ളാര, ഒരു കവിൾ വോഡ്ക അകത്താക്കി ഇമ ചിമ്മാതെ പറഞ്ഞു. എന്നിട്ട് പൊട്ടിച്ചിരിച്ചു. കൂടെ ഞാനും.

പിന്നീട് എപ്പോഴോ, ക്ളാര പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോയി, എന്നെ വഴിയരികിൽ വിട്ട്.

ഇന്ന്, അവൾ കണ്ടുപിടിച്ച റം-റൂഹഫസ അകത്താക്കി ഇരിക്കുമ്പോൾ ഒരു ഉപായം തോന്നുന്നു. എന്റെ പ്രശ്നത്തിനൊരു പരിഹാരം.

നാളെ കളാരയ്ക്കും കിട്ടും നാല് വിവാഹമോചന നോട്ടീസുകൽ. പാല്കാരന്റെയും, പൂന്തോട്ടകാരന്റെയും, പ്രവാസിയുടെയും, എഞ്ചിനീയറുടെയും വക.

വോഡ്ക വോട്കേന ശാന്തി.

ഞാൻ അവസാന നോട്ടീസുകൾ തയ്യാറാക്കുമ്പോഴേക്കും ടെലിഫോണ്‍ ശബ്ദിച്ചു.

"ഹലോ കുട്ടി , എന്റെ നോട്ടീസ് കിട്ടി കാണുമല്ലോ.  അത് എന്റെ ഒരു തമാശ. കാര്യമാക്കണ്ട.  ഈ ശനിയാഴ്ച ഞാൻ വരുന്നുണ്ട് . ആലുവ സ്റ്റേഷനിൽ കാക്കും. വരില്ലേ? "

അവളാണ്, ക്ളാര. 

"നിങ്ങൾ സുന്ദരിമാർക്ക് ഒരു വിചാരമുണ്ട് . ഒന്ന് ചിരിച്ചു കാണിച്ചാൽ ഞങ്ങൾ പുരുഷന്മാര വാലാട്ടി വരുമെന്ന്. ഈ ശനിയാഴ്ച  വരും.എന്റെ പട്ടി. !₹്#%₹#^ @#@%#$^&."

*****************************

'യാത്രക്കാരുടെ ശ്രദ്ധക്ക്, Train No 2618 മംഗള എക്സ്പ്രസ്സ്‌ platform No 1-ൽ ...' 

A-2 coach-ൽ നിന്നും ക്ളാര ഇറങ്ങി വന്നു.

"ഹ ഹ , കുട്ടി വന്നല്ലോ. എന്താ പട്ടി വരാൻ  വിസമ്മതിച്ചോ. "

"ഓ, നമ്മൾ തമ്മിലുള്ള പ്രശ്നത്തിൽ എന്തിനാ  വെറുതെ പട്ടിയെ വലിച്ചിഴക്കുന്നത്! "

Also Read
Jasoos Kutty's love letter to Malar

No comments:

Post a Comment