Sunday 27 April 2014

ഡിറ്റെക്ടിവ് നാരായണൻ കുട്ടിയും മുസ്ലിം പെണ്കുട്ടികളുടെ വിവാഹ പ്രായവും

ഇന്ത്യയിൽ സ്ത്രീകൾക്ക് വിവാഹം കഴിക്കണമെങ്കിൽ കുറച്ച് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഒരു വരനെ വേണം. സമ്മതിച്ചു. അത് കൂടാതെ ഒരെണ്ണം. പ്രായം കുറഞ്ഞത്‌ 18 വയസ്സ് എങ്കിലും ആകണം. പക്ഷെ നമ്മുടെ നാട്ടിലെ ചില മുസ്ലിം സമുദായ നേതാക്കൾ, ലീഗുൽപ്പെടെ, പ്രായ പരിധിക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നു. ഇക്കൂട്ടര് പറയുന്നു ഈ പ്രായ പരിധി ഇസ്ലാമിന് എതിരാണെന്ന്.

ഇത്രയും കാലം മിണ്ടാതെ, ഇപ്പോൾ പൊടുന്നനെ ഒരു ആവശ്യം. എന്തിന്?  എന്തിനിപ്പോൾ?

ഒരു കുറിപ്പ് എനിക്ക് കിട്ടി, തപാൽ മാര്ഗ്ഗം.

"കുട്ടി ഇതൊന്നു പഠിക്കണം. എത്രയും പെട്ടെന്ന് റിപ്പോർട്ട്‌ ഫയൽ ചെയ്യണം."

ഇത് ഒരു എളുപ്പ പണിയാണ്. പ്രത്യേകം തയ്യാറെടുപ്പ് വേണ്ട . ഞങ്ങളുടെ ഭാഷയിൽ ഓപ്പണ്‍-ആൻഡ്‌-ഷട്ട് കേസ്.

അടുത്ത തെരഞ്ഞെടുപ്പിൽ ഈ വിഷയത്തിൽ മുസ്ലിം ധ്രുവീകരണം ലീഗ് പ്രതീക്ഷിക്കുന്നുന്ടാകാം. സാധാരണ ഗതിയിൽ ഇങ്ങനെ ഒരു ആവശ്യം വളരെ ബഹളത്തിന് കാരണമാകും, പക്ഷെ രാഷ്ട്രീയം പറവൂർ ചന്ത പോലെയാണ്. ഒരു കിലോ മീൻ 100 രൂപ എന്ന് പറയും, നിങ്ങൾ 80-ഉം. അവസാനം 90 രൂപയ്ക്ക് കിട്ടും. ഇപ്പോൾ യു.ഡി.എഫ്  രാഷ്ട്രീയം ഒരു buyers' market ആണ്. ലീഗും മാണിയും എന്ത് ചോദിച്ചാലും കിട്ടും. ഇത്തവണ കുറച്ചധികം കൂടി പോയി. ഇന്നാട്ടിൽ കോടതി എന്നൊരു സാധനം കൂടിയുണ്ട്. വെറുതെ അങ്ങ് പ്രായം കൂട്ടാനും കുറക്കാനും പറ്റില്ല. പിന്നെ ഷാ ബാനോ കേസിൽ എന്ന പോലെ ഒരു നിയമം കൊണ്ട് വരണം. ഇന്ത്യ ആടിടാസ് പരസ്യം പോലെയാണ്, ഇവിടെ ഒന്നും അസംഭവ്യം അല്ല.

ഇത്രയും കുറിച്ചപ്പോൾ ഒരു നേതാവ് എന്നെ കാണാൻ വന്നു. കൂടെ ഒരു പൊതിയും ഉണ്ടായിരുന്നു. ആൾ എങ്ങനെയോ എന്നെ എല്പ്പിചിരിക്കുന്ന ദൗത്യം മണത്തു വന്നതാണ്.

"നിങ്ങൾ എന്തോ റിപ്പോർട്ട്‌ തയ്യാറാക്കാൻ പോകുന്നു എന്ന് ഞാൻ അറിഞ്ഞു. കുട്ടിയെ പോലെയുള്ള പുരോഗമനവാദികൾ ഇതിനു എതിരാണ് എന്ന് എനിക്ക് അറിയാം. പക്ഷെ ഞങ്ങളുടെ പക്ഷം കൂടെ നിങ്ങൾ കേൾക്കണം."

"ചെയ്യാല്ലോ. അതിനാണല്ലോ പത്രധര്മ്മം എന്ന് പറയുന്നത്."

"വിവാഹ പ്രായം കുറയ്ക്കുക്ക എന്നുള്ളത് ഈ നാടിന്റെ ആവശ്യമാണ്."

"ഒന്ന് വിശദീകരിക്കുക."

"സ്ത്രീകൾ എന്ന് പറയുന്നത് ഫലങ്ങളെയും കായ്കനികളെയും പോലെയാണ്. അവ പാകമാകുമ്പോൾ അനുഭവിക്കണം. പ്രകൃതി അതിനു ചില സമയം വിധിച്ചിട്ടുണ്ട്. മനുഷ്യൻ അതനുസരിച്ച് ജീവിക്കണം."

"അല്ലാതെ അറബികല്യാണവുമായി ഇതിനു യാതൊരു ബന്ധവുമില്ല?"

"ഒരിക്കലുമില്ല. അഥവാ ഉണ്ടെന്നിരിക്കട്ടെ. ഈ പാവം അറബികൾ എന്ത് തെറ്റാണ് ചെയ്തത്? നമ്മൾ അവരോട് എത്ര മാത്രം കടപെട്ടിരിക്കുന്നു. അവർ ഒരു ആഗ്രഹം പറയുമ്പോൾ നമ്മൾ സാധിച്ചു കൊടുക്കുകയല്ലേ വേണ്ടത്? അതല്ലേ മര്യാദ."

ഇപ്പോഴേക്കും അയാള് കൊണ്ട് വന്ന പൊതി ഞാൻ കശാപ്പാക്കിയിരുന്നു.

"നിങ്ങൾ ഈ കഴിച്ച ആഹാരം എടുക്കുക. നല്ല രുചി ആയിരുന്നില്ലേ?"

"അത്യുഗ്രൻ. ഗനഗംഭീരൻ."

"അത് ഉണ്ടാക്കിയത് ആര്? എന്റെ ബീവി. അവളെ ഞാൻ കെട്ടിയപ്പോൾ പ്രായം 15."

"ആര്ക്ക്? നിങ്ങള്ക്കോ, അവര്ക്കോ?"

"ബീവിക്ക്. അത് കൊണ്ട് അവൾക്കു അരിക്കടുക്കയും, കോഴി നിറച്ചു പൊരിച്ചതും, കോഴിപ്പിടിയും, പത്തിരിയും, മട്ടണ്‍ ഇഷ്ടുവും, ഉന്നക്കായിയും, കിണ്ണത്തപ്പവും..... എല്ലാം ഉണ്ടാക്കാനറിയാം. ഇന്നത്തെ കുട്ടികളോ? പെണ്കുട്ടികൾ അടുക്കള വാഴണം, ഇല്ലെങ്കിൽ അടുത്ത തലമുറ ഈ പലഹാരങ്ങൾ ഒന്നും രുചിക്കാതെ മൻമറയും."

"ആ പറഞ്ഞത് ന്യായം. അരിക്കടുക്കയും, കോഴി നിറച്ചു പൊരിച്ചതും, കോഴിപ്പിടിയും, പത്തിരിയും, മട്ടണ്‍ ഇഷ്ടുവും, ഉന്നക്കായിയും, കിണ്ണത്തപ്പവും.... അവയ്ക്കൊന്നും വംശനാശം സംഭവിച്ചു കൂടാ. എന്തിനു മുസ്ലിംകൾ മാത്രം. എല്ലാ സമുദായക്കാരുടെയും വിവാഹപ്രായം 18-ഇൽ നിന്നും താഴ്ത്തണം.

ഒരു വിപ്ലവം ഇവിടെ തുടങ്ങട്ടെ. അരങ്ങിൽ നിന്നും അടുക്കളയിലേക്ക്‌.  

No comments:

Post a Comment