Thursday, 13 November 2014

ഉണ്ണിയപ്പം

( Children's Day Special Short Story. Taken from http://thadirajesh.blogspot.in )

കട്ടിലിന് അരികെയുള്ള ക്ലോക്ക് കൂട്ടമണി മുഴക്കി. സമയം രാവിലെ അഞ്ച്. ക്ലോക്ക് അച്ഛൻ രണ്ട്‌ മാസം മുൻപ് വാങ്ങിയതാണ്. അത് വരെ ഉണ്ണിയെ ഉണര്ത്തിയിരുന്നത് അയലത്തെ പൂവനാണ്. ഈയിടെ പൂവനു ഭയങ്കര മടി. പുള്ളി എഴുനേറ്റു കണ്ണ് കഴുകി കൂകുംബോഴേക്കും ഏഴു കഴിയും. പ്രായമായില്ലേ. മുത്തച്ചനെ പോലെ സർവീസിൽ നിന്നും വിരമിച്ചുകാണും. അവനു പെൻഷൻ വല്ലതും കിട്ടുന്നുണ്ടോ ആവോ.
മനുഷ്യൻ എന്തിനാണോ ക്ലോക്ക് കണ്ടുപിടിച്ചത്. അവനു സമയത്തെ എങ്കിലും വെറുതെ വിട്ടുകൂടായിരുന്നോ? ഉണ്ണി ആവലാതിപ്പെട്ട് കൊണ്ട് തിരിഞ്ഞു കിടന്നു.

"ഉണ്ണി, എഴുന്നേല്ക്കു കുട്ടാ."

നല്ല കാര്യങ്ങൾ അധിക സമയം നീളാറില്ല. ഉണ്ണിയുടെ ഉറക്കം 5 മണിക്കപ്പുറം പോകില്ല. പോകാൻ അമ്മ സമ്മതിക്കില്ല. 

"കുട്ടികൾ അതിരാവിലെ എഴുന്നേറ്റു പഠിക്കണം. മനസ്സ് ആ സമയം യാതൊരു അല്ലലുമില്ലാതെ എന്തും ചെയ്യാൻ പാകത്തിന് ഇരിക്കും. കണക്കും, ഫിസിക്സൂം, കെമിസ്ട്രിയും എല്ലാം നമ്മുടെ വരുതിയിൽ വരും."

അമ്മ ഒരായിരം വട്ടം ഇത് പറഞ്ഞിട്ടുണ്ട്. പക്ഷെ ഉണ്ണിക്കു വിശ്വാസം ഇല്ല. അപ്പോൾ അമ്മ പറയും, "ദേ നോക്ക്. നിനക്ക് കണക്കിന് 50-ഇൽ 45 കിട്ടിയില്ലേ. എന്താ കാര്യം. നീ രാവിലെ എഴുന്നെറ്റു പഠിക്കും.  അപ്പുറത്തെ ശങ്കരനും, മാധവനും, കേശവനും ഒക്കെ തോല്ക്കുന്നു. അവർ ആ സമയം കൂര്ക്കം വലിച്ചുറങ്ങും."

"എങ്കിൽ അമ്മക്ക് ഈ വിദ്യ അവരുടെ അമ്മമാരുടെ അടുത്ത് പറഞ്ഞു കൂടെ?" ഉണ്ണിയുടെ കുനിഷ്ട്‌ ചോദ്യം.

"നീ തര്ക്കുതതരം പറയാതെ ഇരുന്നു കണക്കു ചെയ്യു." ഇത്രയും പറഞ്ഞു അമ്മ അവന്റെ കാലുകൾ ഒരു പാത്രം വെള്ളത്തിൽ മുക്കി വെയ്ച്ചു.

Solve
-4x + 4y = -48
3x + 8y = -63

ഉണ്ണി പലപ്പോഴും ഇതാലോചിച്ചിട്ടുണ്ട്. കണക്കിലെന്താ എപ്പോഴും x, y, z; അഥവാ p, q, r; അഥവാ a, b, c. x-ഉം y-ഉം കല്യാണം കഴിചിട്ടുണ്ടായ കുട്ടിയാണോ z?

കഴിഞ്ഞ ആഴ്ച അവനതു ചോദിച്ചു, സതി ടീചറോട്.

"സമവാക്യങ്ങൾ എപ്പോഴും x, y, z എന്താണ്? എന്തു കൊണ്ട് d, e, f ആയിക്കൂടാ?"

"ആകാല്ലോ. ഉണ്ണി അവരെ d, e, f  എന്ന് പേരിട്ടോ."   

"എന്തിനാ നമ്മൾ അവര്ക്ക് പേരിടണെ?"

"തിരിച്ചറിയാൻ. അമ്മ ഉണ്ണിയുടെ പേര് ഉണ്ണി എന്ന് ഇട്ട പോലെ. അമ്മ നിന്നെ ശേഖർ എന്ന് വിളിചെങ്കിൽ നീ ശേഖർ ആയേനെ."

"എനിക്ക് ഈ x, y, z ഒട്ടും ഇഷ്ടപെട്ടില്ല, ഞാൻ അവര്ക്ക് പാച്ചു എന്നും കോവാലൻ എന്നും പേരിട്ടാലോ. Pachu + Kovalan = Abdul Qadar. എങ്ങനെ ഉണ്ട്?"

"കലക്കി." സതി ടീച്ചര് പൊട്ടിച്ചിരിച്ചു, കൂടെ മൊത്തം ക്ലാസും.

ഉണ്ണി തന്റെ ഫോര്മുല അങ്ങ് പ്രയോഗിച്ചു.


Solve
-4Pachu + 4Kovalan = -48
3Pachu + 8Kovalan = -63

അവൻ നിയമങ്ങള ഒക്കെ കാറ്റിൽ പറത്തി കണക്കുമായി ഗുസ്തി പിടിച്ചു. വാശിയേറിയ പോരാട്ടം. കണക്കിനും ഉണ്ടല്ലോ അഭിമാനം, വളരെ നേരം പയറ്റി. ഒടുവിൽ അവൻ അടിയറവു പറഞ്ഞു ഗോദയിൽ നിന്നും പുറത്തിറങ്ങി. ഉണ്ണി പതുക്കെ മയക്കത്തിലേക്കും.

"എടാ എണീക്കടാ. കണക്കു ചെയ്യാതെ ഇത് വരെ എന്ത് ചെയ്തു? സമയം ഏഴായി. എഴുനേറ്റു സ്കൂളിൽ പോകാൻ നോക്ക്."

*********************************************
8 മണി

ഉണ്ണി സ്കൂളിലേക്ക് പോയി


*********************************************

5 മണി

ലോകമാകമാനം കുട്ടികൾ സ്കൂളിലേക്ക് നടക്കുന്നു, തിരിച്ചു വീട്ടിലേക്കു ഓടുന്നു. പറഞ്ഞതു ഒരു പരസ്യവാചകം. പക്ഷെ ഉണ്ണി തിരിച്ചു മൈതാനത്തെക്കാണ് ഓടുന്നത്. ഇന്ന് അവൻ എത്തിയപ്പോൾ വൈകി. കളി തുടങ്ങി കഴിഞ്ഞിരുന്നു. അവനെ ടീമിൽ എടുത്തിട്ടുണ്ട്. ഫീല്ടിംഗ് ആണ്.

വീട്ടിൽ അമ്മ ചൂട് ദോശയും, ചമ്മന്തിയും, കോമ്പ്ലാനും ആയി കാത്തിരുന്നു. ഏഴു മണിക്ക് വിട്ടിടത് വീണ്ടും തുടങ്ങാൻ അവനെ കാത്തു ഒരു സമവാക്യവും ഉണ്ട്.

"ഇന്നും അവൻ വൈകിയല്ലോ, അവിടെ ക്രിക്കെറ്റ് കളിക്കാൻ പോയി കാണും, ഞാൻ ഒന്ന് നോക്കട്ടെ."

ഒരു ചൂരൽ എടുത്തു. അതിന്റെ ചൂടറിയാത്ത ഒരു കുട്ടി പോലും ആ നാട്ടിലില്ല. 

"ഇത് ഞാൻ എണ്ണ ഒഴിച്ച് തയ്യാറാക്കിയ പ്രത്യേക ചൂരൽ ആണ്, നിന്റെ സച്ചിന്റെ ബാറ്റ് പോലെ," അമ്മ പലപ്പോഴും ഉണ്ണിയോട് പറഞ്ഞിട്ടുണ്ട്.

പറഞ്ഞത് ശരിയാണ്. ഉപയോഗിക്കാൻ അറിയാമെങ്കിൽ ഇതിലും മാരകമായ വേറെ ആയുധം വേറെ ഇല്ല. ചോര പൊടിക്കും ആഞ്ഞു ഒന്ന് തല്ലിയാൽ. ചൂരൽ പ്രയോഗത്തിൽ അച്ഛൻ ആണ് അമ്മയേക്കാൾ വേന്ദ്രൻ.

അമ്മ മൈതാനത്തേക്ക്‌ പോയി. അവിടെ മകൻ ഫീല്ടിംഗ് ചെയ്യുന്നു. കവർ ബൌണ്ടറിയിൽ. അമിതിന്റെ ഇടൻ കയ്യൻ ഷോട്ട് തടുക്കാൻ അവസാനത്തെ പ്രതിരോധം. പീറെര്സേൻ സ്വിച്ച് ഹിറ്റ്‌ പഠിച്ചത് അമിതിന്റെ അടുത്ത് നിന്നാണ്. ഭാരിച്ച ചുമതലയാണ് ഉണ്ണിയുടെത്.

ഇത് വല്ലതും അമ്മയുണ്ടോ അറിയുന്നു. കൊടുത്തു ഒരു കീറു അവന്റെ തുടയ്ക്കു. പുളഞ്ഞു പോയി ഉണ്ണി. അടുത്ത ചൂരൽ കഷായം  വരും മുമ്പേ അവൻ ഓടി.

ഉണ്ണി മുൻപിൽ, അമ്മ പുറകെ. ഒരു ഒളിമ്പിക്സ് പ്രതീതി. കാണികളുടെ പിന്തുണ ഉണ്ണിയ്ക്ക്. 21 ക്രിക്കെറ്റ് കളിക്കാരും, 3 പശുക്കളും, 6 ആടുകളും, 4-5 പട്ടികളും ആർപ്പു വിളിച്ചു.

"അപ്പ്‌, അപ്പ്‌ ഉണ്ണി; ഡൌണ്‍, ഡൌണ്‍ ഉണ്ണീടമ്മ"

നാടും കാടും ആകെ ഹരം പിടിച്ചിരിക്കുമ്പോൾ ഉണ്ണിയുടെ വക ഒരു ഹൈ ജമ്പ്, നേരെ തെങ്ങിന്റെ മേലെ. അവൻ കയറി, മതിയാവോളം. ഒടുക്കം തെങ്ങിന്റെ മുകളിൽ എത്തി. ഇനിയങ്ങോട്ട് വഴിയില്ല. താഴെ അമ്മ കാത്തിരിക്കുന്നു ചൂരലുമായി. കുറെ നേരം അങ്ങനെ പോയി. പിന്നെ എപ്പോഴോ, അമ്മയുടെ നോട്ടം തെറ്റിയപ്പോൾ ഉണ്ണി ചാടിയിറങ്ങി ഓടി വീടിലേക്ക്‌. പിറകിൽ കാണികളുടെ ആര്പ്പു വിളി.

"അപ്പ്‌, അപ്പ്‌ ഉണ്ണി; ഡൌണ്‍, ഡൌണ്‍ ഉണ്ണീടമ്മ"

ആ നിമിഷം അവനു തോന്നി അവൻ സച്ചിനാണെന്നു. ഒരു സെഞ്ച്വറി അടിച്ച നിർവൃതി. അധിക നേരം നിന്നില്ല സന്തോഷം. കിട്ടി കണക്കിലേറെ ചൂരൽ. കിട്ടാഞ്ഞതു ദോശയും, ചമ്മന്തിയും, കോമ്പ്ലാനും.

വീണ്ടും ഉണ്ണിയും, കണക്കും നേർക്കുനേർ. അവൻ കരഞ്ഞു കൊണ്ട് പയറ്റു തുടങ്ങി.

Solve
-4x + 4y = -48
3x + 8y = -63

"മോനെ, നീ നന്നായി പഠിച്ചാൽ സച്ചിനെക്കാൾ വലിയ കളിക്കാരനാകും. കുട്ടൻ ആ കണക്കൊന്നു ചെയ്തേ," അമ്മൂമ്മയുടെ സാന്ത്വനം.

"അമ്മൂമ്മക്കെന്തറീയാം! ക്രിക്കെറ്റ് കളിക്കാർക്ക്‌ കണക്കു പഠിക്കണ്ട."

"ശരി അമ്മൂമയ്ക്ക് ഒന്നും അറിയില്ല. നീ ആ കണക്കൊന്നു പഠിപ്പിച്ചു താ."

ദൂരെ മുത്തഛൻ നടന്നു വരുന്നത് കാണാം. എന്നും വൈകിട്ട് ഒരു സർകീട്ട് ഉണ്ട് ചായ കടയിലേക്ക്. ഒരു ഗ്ലാസ്‌ ചായയും ഉഴുന്ന് വടയും. അതാണ്‌ പതിവ്. പിന്നെ തിരിച്ച് വരുമ്പോൾ വേറെ ഒരു പതിവ്.

"എടാ ഉണ്ണി, നീ ഇങ്ങോട്ട് ഒന്ന് വന്നേ. ഇതെന്താ കൊണ്ട് വന്നത് എന്ന് നോക്കിയേ."

ഒരു പൊതി ഉണ്ണിയപ്പം.

"നീ ഇത് കഴിക്ക്, നിന്റെ ചങ്ങാതിമാര്ക്കും കൊടുക്ക്‌."

ഉണ്ണി ഓടി പൊതിയുമായി, അവന്റെ ബാറ്റിങ്ങിന് സമയമായിട്ടുണ്ടായിരുന്നു.

"നിങ്ങളാ അവനെ വഷളാക്കുന്നെ,"  അടുക്കളയില നിന്നും അമ്മ അലറി.

No comments:

Post a Comment