Sunday, 27 April 2014

ഡിറ്റെക്ടിവ് നാരായണൻ കുട്ടി ഇനി നാരായണൻ കുട്ടി ഭോജനാനന്ദ സ്വാമികൾ

ഞാൻ വലിയ ഒരു അന്വേഷണം കഴിഞ്ഞ് തിരിച്ചു വന്നതേയുള്ളൂ. ഈയിടെ ഒരു സ്വാമി ഒരു പീഡന കേസിൽ കുടുങ്ങിയതിൽ പിന്നെ ഒരാശ. ഇത്തരം സ്വാമിമാരുടെ ജീവിതം ഒന്നടുത്തറിയണം. ഇതിനായി എനിക്ക് അങ്ങ് രാജസ്ഥാൻ വരെ പൊകണമെന്നുണ്ടായിരുന്നു, പക്ഷെ പോലീസ് പൊന്നുരുക്കുന്നിടത്‌ ഈ പൂച്ചയ്ക്ക് എന്ത് കാര്യം. പകരം ഞാൻ അടുത്ത് ഉള്ള ഒരു സ്വാമിയുടെ അടുത്ത് പോയി.

ഏതൊരു തപസ്യയ്ക്കും മുൻപ് ഒരു തയ്യാറെടുപ്പ് വേണമല്ലോ. ഞാൻ ഒരു മാസത്തോളം ഒരു ബ്രഹ്മചാരിയായി മാറി. കാമമില്ല, മദ്യപാനമില്ല, മത്സ്യ-മാംസാഹരങ്ങളില്ല, ദ്വേഷമില്ല, വേറുപ്പില്ല, ആഗ്രഹങ്ങളില്ല. തികച്ചും ഒരു ഋശ്യശ്രിങ്ങൻ. മറ്റെല്ലാം സഹിക്കാം, ഒരു മലയാളി മദ്യപ്പിക്കാതെ ഒരു മാസം എങ്ങനെ കഴിഞ്ഞു എന്ന് മാത്രം ആലോചിച്ചു നോക്കുക. എന്തൊരു ത്യാഗം, എന്തൊരു എളിമ.

പക്ഷെ എന്റെ സ്വാമിയോടൊപ്പം ഒരു മാസത്തെ സഹവാസം കഴിഞ്ഞു വന്ന എനിക്ക് ഇപ്പോൾ മനസ്സിലായി എല്ലാം വെറുതെ ആയിരുന്നു എന്ന്.

എന്റെ കണ്ടുപിടുത്തങ്ങൾ

1) പഴിചാരൽ

കേസ് സ്റ്റഡി

ഒരു ഭക്തൻ മണിക്കൂറുകളോളം വരിയിൽ നിന്ന്, അവശനനായി, സ്വാമിയെ കാണാൻ കഴിയാതെ വന്നപ്പോൾ എന്റെ അരികിലേയ്ക്ക് വന്നു. എന്റെ കാവി വസ്ത്രം കണ്ടു തെറ്റിധരിച്ചതാകാം. ഞാനും വിട്ടു കൊടുത്തില്ല. ഒരു അനുഭവിയായ സന്യാസിയെ പ്പോലെ പറഞ്ഞു, "വരൂ മകനേ, ഞാൻ നിന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്താണ് നിന്റെ പ്രശ്നം?"

അയാൾ കച്ചവടത്തിൽ നേരിട്ട നഷ്ടങ്ങളുടെ ഒരു കണക്കു പറഞ്ഞു. ലാഭം ഉണ്ടാകേണ്ടതാണ്, പക്ഷെ എന്തോ ഒരു ഗുണവുമില്ല.

"വത്സാ, നീ നിന്റെ മുജ്ജന്മ കർമ്മങ്ങളുടെ ഫലമാണ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മുകളിൽ ഇരിക്കുന്നവൻ  നിന്റെ എല്ലാ ജന്മങ്ങളുടെയും കണക്കു രേഖപെടുത്തുന്നുണ്ട്. ആയുള്ളവന്റെയടുത്തു നിനക്ക് രക്ഷയില്ല."

"അതിനർത്ഥം ഈ ജന്മത്തിൽ ഞാൻ ചെയ്യുന്ന പാപങ്ങൾക്ക് അടുത്ത ജന്മത്തിൽ വില കൊടുക്കേണ്ടി വരുമെന്നാണോ?"

"തീര്ച്ചയായും."

"ഞാൻ 20 ലക്ഷം രൂപ റ്റാക്സ് വെട്ടിച്ചിട്ടുണ്ട്," ഭക്തൻ പാപങ്ങളുടെ പട്ടിക നിരത്താൻ തുടങ്ങി, "അയൽക്കാരൻ ശർമ്മന്റെ ഭാര്യയുടെ കൂടെ ഒരു അവിഹിതബന്ധത്തിലേര്പ്പെട്ടു, ബിസിനസ്‌ പങ്കാളി വർമ്മന്റെ കുറച്ചു പണം മോഷ്ടിച്ചു..."

"റ്റാക്സ് വെട്ടിച്ചതിൽ തെറ്റില്ല, അല്ലെങ്കിലും അത് ഖജനാവ് മോഷ്ടാക്കൾ അടിച്ചു മാറ്റിയേനേ. ബാക്കി പാപങ്ങൾക്ക്‌ നീ പരിഹാരം കണ്ടെത്തിയേ പറ്റൂ. ഭഗവാനിൽ ആശ്രയം പ്രാപിക്കൂ ചിലപ്പോൾ നിന്റെ ശിക്ഷ കുറഞ്ഞേക്കാം. ഈ ശർമ്മൻ കുഴപ്പമാണ്. അവന്റെ അടുത്ത് അധികം പോകണ്ട."

ഉപസംഹാരം
ഭക്തന്മാരുടെ തെറ്റുകൽക്കും, കുറ്റങ്ങൽക്കും, ഭാഗ്യക്കേടിനും  വേറെ ആരെയെങ്കിലും പഴിക്കുക. ഉദാഹരണത്തിന് കർമ്മം, ധർമ്മം, ചർമ്മം, ശർമ്മൻ, വർമ്മൻ. ആരായാലുൽ കുഴപ്പമില്ല.

2) വേദങ്ങൾ

കേസ് സ്റ്റഡി

ഒരു ഭക്തൻ സന്തുഷ്ടി തേടി വന്നു. ആൾ ധനികനാണ്, പക്ഷെ ഒട്ടും തൃപ്തനല്ല.

"വേദങ്ങൾ പറയുന്നു ഓരോ ജന്മത്തിനും ഒരു ലകഷ്യമുണ്ട്. നിന്റെ ലകഷ്യമെന്തെന്നു നീ മനസ്സിലാക്കിയാൽ നീ സന്തുഷ്ടനാകും." ഒരു വേദവുമറിയാത്ത ഞാൻ ഒരു വാദം മുന്നോട്ടു വെച്ചു. 

"അപ്പോൾ ഈ ലക്‌ഷ്യം മനസ്സിലായില്ലെങ്കിൽ ഞാൻ സന്തോഷം എന്തെന്നറിയാതെ മരിക്കണം എന്നാണോ? എങ്ങനെ അറിയും എന്റെ ലക്‌ഷ്യം എന്താണെന്ന്?"

"ചിലപ്പോൾ ഒരു അശരീരി ഉണ്ടായേക്കാം, ചിലപ്പോൾ നിന്റെ മനസ്സ് പറയും ഇതല്ല അതാണ്‌ എന്റെ ലക്‌ഷ്യം എന്ന്."

"ഇതാരെങ്കിലും  ഒന്ന് പറഞ്ഞു തന്നെങ്കിൽ എളുപ്പമായേനെ."

"നിങ്ങൾ ധനികനാണ്. ഒരു പക്ഷെ നിങ്ങൾ അത് പങ്കു വെയ്ക്കുകയാണെങ്കിൽ  നിങ്ങൾ സന്തുഷ്ടൻ ആയേക്കാം."

ഈ അഭിപ്രായം അയാൾക്ക്‌ തീരെ ബോധിച്ചില്ല. ഞാനാരാ പുള്ളി. തൊടുത്തു ഒരു ബ്രഹ്മാസ്ത്രം.

"നിങ്ങൾ കർണ്ണനെ കുറിച്ച് കേട്ടിട്ടില്ലേ? ദാനവീരൻ കർണ്ണൻ. പണ്ട് അയാള് നിങ്ങളെ പോലെ ഒരു പിശുക്കനായിരുന്നു. അയാൾക്ക്‌ പായസം ഭയങ്കര ഇഷ്ടമായിരുന്നു. ആർക്കും കൊടുക്കാതെ അയാൾ നാടെമ്പാടുമുള്ള പായസം ഒറ്റയ്ക്ക് അകത്താക്കും. ഒരൊറ്റ പ്രശ്നം. കഠിനമായ ദഹനക്കേട്. ഒരു രാത്രി അയാള്ക്കും കിട്ടി ഒരശരീരി. പായസം പങ്കു വെയ്ക്കൂ, നിന്റെ അസുഖം മാറും. അതിനു ശേഷം ആര് സഹായം ചോദിച്ചാലും കർണ്ണൻ മറുത്ത് ഒന്നും പറയില്ല."

ഇതിൽ ഭക്തൻ വീണു.

ഉപസംഹാരം

വേദങ്ങളും, ഉപനിഷത്തുകളും സ്വാമിമാരുടെ ആയുധങ്ങളാണ്. അത് നിസ്സങ്കോചം ഉപയോഗിക്കുക. നമുക്ക് ധാരാളം പുരാണങ്ങളുണ്ട്‌. സ്കന്ദപുരാണം, മാത്സ്യപുരാണം, എന്നിങ്ങനെ.ഇനിയിപ്പോൾ അതൊന്നും അറിഞ്ഞു കൂടെങ്കിൽ ഒരെണ്ണം അങ്ങ് ഉണ്ടാക്കുക. വാല്മീകിയും, വ്യാസനും നിങ്ങളെ കോടതി കയറ്റാൻ പോകുന്നില്ല. എപ്പടി?

3) ശ്ലോകങ്ങൾ

കേസ് സ്റ്റഡി

ഒരു വിദ്വാൻ എന്ത് പറഞ്ഞിട്ടും സമ്മതിക്കുന്നില്ല. ഒടുക്കം ഞാൻഒരു വിദ്യ അങ്ങ് പ്രയോഗിച്ചു. കുറച്ചു നേരം ചിന്താമഗ്നൻ  ആയി ഇരുന്നു. എന്നിട്ട് ആകാശതേക്ക് നോക്കി ഭഗവത് ഗീതയിൽ നിന്നും ഒരു ശ്ലോകം ചൊല്ലി.

'വാസുദേവസുതം ദേവം കംസചാണൂരമർദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗത്ഗുരും'

മൂപ്പര് ഫ്ലാറ്റ്.

ഉപസംഹാരം


കുറേ ശ്ലോകങ്ങൾ മനപാഠം ആക്കുക. എപ്പോഴാ ഉപയോഗം വരുന്നതെന്ന് പറയാൻ പറ്റില്ല.

4) അബലയായ സ്ത്രീയുടെ സഹായ അഭ്യര്ത്ഥന

കേസ് സ്റ്റഡി

നമ്മുടെ സ്വാമിമാരിൽ പലരും സ്കൂളിന്റെ പടി പോലും കണ്ടിട്ടില്ല. മാപ്പ്. അത് അല്പം കൂടി പ്പോയി. അധികമാരും പത്താം ക്ലാസ് പാസായിട്ടില്ല. ഇവരിൽ പലരും മധുരപ്പതിനാറ് കഴിയും മുൻപേ സന്യാസിമാരായി എന്ന് അവകാശപ്പെടുന്നവർ. അങ്ങനെ ഉള്ള ഇവർ ടി. ജി. രവി, ശക്തി കപൂർ എന്നിവരുടെ സിനിമകൾ കണ്ടു ആനന്ദ പുളകിതരായവരാണ്. അതിൽ തെറ്റില്ല. നമ്മളും അങ്ങനെ തന്നെ. ഒരു സ്ത്രീ എല്ലാ ആശകളും തകര്ന്നു സഹായഹസ്തതതിനായി കൈ നീട്ടി, 'ഞാൻ എന്തും ചെയ്യാൻ തയ്യാർ ആണ് എന്ന് പറയുമ്പോൾ' അത് ഇവർക്ക് പീഡനത്തിനുള്ള ഒരു ക്ഷണക്കത്തായി മാറുന്നു.

എന്റെ സ്വാമിയുടെ അടുത്ത് ഒരു ഭക്ത ഇത് പറഞ്ഞപ്പോൾ അവരെ അകത്തേക്ക് ആനയിച്ചു കൊണ്ട് പോയി. ആത്മ ശുദ്ധീകരണം.

ഉപസംഹാരം


ഇത് ഞാൻ നിങ്ങള്ക്ക് വിട്ടു.

5) ഭക്ത ഗണങ്ങൾ

കേസ് സ്റ്റഡി

ഒരു ഭക്തൻ വന്നു. മുണ്ടുടുത്ത്. ചന്ദനം തൊട്ട്. കയ്യിൽ ഭഗവദ് ഗീതയും ആയി. കണ്ടാലറിയാം ആൾ വിദ്വാനാണ്. യഥാർതത്തിൽ വിദ്വാൻ. പണ്ഡിതശിരോമണി.

അദ്ദേഹത്തിന് ഒരു സംശയം. ചോദിച്ചത് ഏതോ ഒരു ഭാഷയിൽ. കേട്ടിട്ട് മലയാളം അല്ല. തമിഴും, ഹിന്ദിയും, ഇംഗ്ലീഷും അല്ല. ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന പ്രമാണം വെച്ചു ഞാൻ തീരുമാനിച്ചു സംഭവം സംസ്ക്രിതം തന്നെ.

"ഞാൻ ആകെ വിഷമത്തിലാണ്.  ഭഗവാൻ എന്തിനിങ്ങനെ ചെയ്യുന്നു? സ്വാമി ഇതിന് ഒരു ഉത്തരം തരുമാറാകണം."

ഭഗവാൻ എന്ത് ചെയ്തെന്നാ ഇങ്ങേര് പറയുന്നത് എന്ന ചോദ്യം സ്വാമിയുടെ മുഖത്ത് ഞാൻ കണ്ടു. വാനരന്റെ വാല് എടുക്കാനാകാതെ പരുങ്ങുന്ന ഭീമനെ പോലെ സ്വാമി നിന്നുരുകി.

അൽപ നേരത്തെ നിശബ്ദതക്ക് ശേഷം അദ്ദേഹം പോർക്കളത്തിൽ മനോവീര്യം വീണ്ടെടുത്ത അര്ജ്ജുനനെ പോലെ മൊഴിഞ്ഞു, "നീ ഭഗവാനെ സംശയിക്കുന്നു, ഭഗവാന്റെ പ്രവർത്തികളെ സംശയിക്കുന്നു. ഈ ബ്രഹ്മാണ്ടാത്തിലെ വെറും പുഴുക്കളായ നമുക്ക് അതിനുള്ള വല്ല അധികാരവും ഉണ്ടോ?"

"ഭഗവൻ നിങ്ങളുടെ സുഹൃത്ത്‌ ആണെന്ന്, ഗ്രന്ഥം പറയുന്നു. അങ്ങനെയുള്ള ഭഗവാൻ എന്തിനു ഇങ്ങനെ ചെയുന്നു?"

ഹോ! അപ്പോൾ അതാണ്‌ കാര്യം. ഇതിനകം ഭഗവാൻ അങ്ങനെയും പറഞ്ഞു. ഇതെനിക്ക് പുതിയ വാർത്തയായിരുന്നു.

"അതെ. ഭഗവാൻ നിന്റെ സുഹൃത്ത്‌ തന്നെ. പക്ഷെ ദിവ്യത്തമുള്ള സുഹൃത്ത്‌. ഭഗവാന്റെ ലീലാകൾക്ക് തക്കതായ കാരണങ്ങളുണ്ടാകും. അത് ഭഗവാൻ വെളിപ്പെടുത്തുകയും ചെയ്യും. പക്ഷെ സമയം ആകുമ്പോൾ. ക്ഷമ. ക്ഷമ. ക്ഷമ. ഭഗവാന്റെ ഈ പരീക്ഷണം നീ ക്ഷമയോടെ നേരിടണം. അറിവിലേക്കുള്ള വഴി വേദനാജനകമാണ്. കല്ലും മുള്ളും നിറഞ്ഞതാണ്. അത് ഒരു പി. സി. തോമസ്‌ എന്ട്രൻസ് കോച്ചിംഗ് ക്രാഷ് കോഴ്സ് അല്ല, രണ്ടു മിനിട്ടിനു ഉത്തരം കിട്ടാൻ.."

സ്വാമി പറഞ്ഞു നിർത്തി. കൂടെ എന്നെ നോക്കി 'കണ്ടോടാ മോനെ' എന്ന ഒരു ചിരിയും പാസാക്കി. ഇതിനകം ഭക്തനെ പുറത്തേക്കു പറഞ്ഞയച്ചു.

"ഈ കോമാളിയെ ആരാ അകത്തേക്ക് വിട്ടത്?" സ്വാമിയുടെ ഗാർഡ് അലറി. രണ്ടു നേപാളി ഗൂര്ഖകളുടെ പണി പോയി.

ഉപസംഹാരം സ്വാമിയാൽ ഭക്തൻമാരെ ഫിക്സ് ചെയ്യണം. സംസ്കൃതം വിദ്വാന്മാരെ തീര്ച്ചയായും ഒഴിവാക്കേണ്ടതാണ്.

6) ഗന്ധർവർ

കേസ് സ്റ്റഡി

എല്ലാ ദിവസവും എന്റെ സ്വാമിയുടെ ആശ്രമത്തിൽ ഭജനയുണ്ട്‌. നല്ല മധുര   വാണിയിൽ ഗന്ധർവ്വന്മാരെ ഓർമിപ്പിക്കും വിധം അവർ നമ്മെ വേറൊരു ലോകത്തിൽ എത്തിക്കും. ഒരു തവണ ഞാൻ സ്ഥിരമായി അവിടെ അങ്ങ് തങ്ങിയാലോ എന്നാലോചിച്ചു.  അപ്പോളുണ്ട്‌ ഒരു പവർ കട്ട്‌. ബോധം തിരിച്ചു വന്നു. എനിക്ക് മനസ്സിലായി ഇനി ഇവിടെ നിന്നാൽ കുഴപ്പമാകും. ഉടൻ സ്കൂട്ട് അടിച്ചു.

ഉപസംഹാരം


കുറച്ചു ഗായകർ കൂടെ ഉണ്ടെങ്കിൽ സ്വാമിമാരുടെ പണി എളുപ്പമാണ്. ഈ സ്റ്റാർ സിങ്ങർ തോറ്റവർ മതി. അവരാൻ എങ്കിൽ കൂടെ ഡാൻസും ചെയ്യും. വില തുച്ഛം, ഗുണം മെച്ചം. ഇതാണതിന്റെ ഡബിൾ മെച്ചം.

ഇനി അല്പം ഈ ബിസിനസ്സിനെ കുറിച്ച്.

1) യുണിയൻ ഇല്ല

തൊഴിൽ സമരങ്ങൾ ഇല്ലാത്ത ഒരേ ഒരു ബിസിനസ്. ഇവിടെ പണി ചെയ്യുന്ന ആൾ കയ്യിൽ നിന്നും കാശു നമുക്ക് തരും അവരെ കൊണ്ട് പണി എടുപ്പിക്കാൻ. നോക്കുകൂലി യജമാനന്.

2) വിദേശനാണ്യം

അല്പം ഇംഗ്ലീഷ് അറിയാമെങ്കിൽ ആത്മിയത നമ്മുക്ക് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാം. രാജ്യത്തിന്‌ വേണ്ട വിദേശനാണ്യം  അങ്ങനെ ഉണ്ടാക്കാം. ഞാൻ ഈയടുത്ത് അറിഞ്ഞു ആത്മിയത കയറ്റി അയക്കുന്നവര്ക്ക് സർക്കാർ റ്റാക്സ് ഇളവും തരാൻ പരിപാടി ഉണ്ടെന്ന്. എല്ലാം ഈ പറഞ്ഞ വിദേശനാണ്യത്തിനു വേണ്ടി.

3) ലാഭം

ഇത്രയും ലാഭം ഉള്ള വേറെ ബിസിനെസ്സ് ഇല്ല. എങ്ങനെ വന്നാലും കുറഞ്ഞത്‌ 60% ലാഭം. ചില സ്വാമിമാർ 90% വരെ ലാഭമുണ്ടാക്കുന്നു. ഒരു വൻ വ്യവസായി അടുത്ത് തന്നെ എല്ലാം വിട്ടെറിഞ്ഞ്‌ spirituality ബിസിനെസ്സിൽ ഇറങ്ങും എന്നും ഞാൻ കേട്ടു. അങ്ങോരെ കുറ്റം പറയാൻ പറ്റില്ല.

ഇനി ഞാൻ നിർത്തട്ടെ. നാളെ പത്രത്തിൽ ഒരു പരസ്യം കൊടുക്കണം.

 വരൂ, ദൈവത്തിന്റെ പാതയിൽ നാരായണൻ കുട്ടി ഭോജനാനന്ദ സ്വാമികൾക്കൊപ്പം. എന്തും ചെയ്യാൻ തയ്യാർ ആണെങ്കിൽ പ്രത്യേക പരിഗണന.

No comments:

Post a Comment